
Our Story
അഷ്റഫ് കൂട്ടായ്‌മ
ലോകമെമ്പാടുമുള്ള മലയാളികളായ, അഷ്റഫ് എന്ന് പേരുള്ളവരുടെ സ്നേഹ സൗഹാർദ്ദ കൂട്ടായ്മയാണ് സഹകരണ ആക്ട് പ്രകാരം രജിസ്‌ട്രേഷൻ ചെയ്ത് കേരളം ആസ്ഥാനവും പ്രവർത്തന പരിധി ഇന്ത്യ മുഴുവനും ആയിക്കൊണ്ട് പ്രവർത്തിക്കുന്ന അഷ്റഫ് കൂട്ടായ്മ.
2018 ഏപ്രിൽ മാസത്തിൽ അഷ്റഫ് മനരിക്കൽ, അഷ്റഫ് വലിയാട്ട്, അഷ്റഫ് താണിക്കൽ, അഷ്റഫ് കക്കാട്, അഷ്റഫ് തോട്ടത്തിൽ എന്നീ 5 അഷ്റഫ് സഹോദരന്മാർ, മലപ്പുറം ജില്ലയിൽ തിരൂരങ്ങാടിയിലുള്ള അഷ്റഫ് മനരിക്കലിന്റെ വസതിയിൽ വെച്ച് “അഷ്റഫ് കൂട്ടായ്‌മ” എന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്നതിന് വേണ്ടി ഒരു കൂട്ടായ്‌മ ഉണ്ടാക്കുന്നതിനെ പറ്റി ചർച്ച ചെയ്ത് തീരുമാനിച്ച ശേഷം തൊട്ടടുത്തുള്ള ചായക്കടയിൽ ചായ കുടിക്കുന്നതിന് പോയി. നോക്കുമ്പോൾ അവിടെ ചയക്കടക്കാരന്റെ പേരും അഷ്റഫ്, പിന്നീട് കടയിലേക്ക് വന്ന രണ്ട് ആളുകളും അഷ്റഫ്മാർ തന്നെ (തച്ചറപടിക്കൽ അഷ്റഫ്, CP അഷ്റഫ്) യാദൃശ്ചികമായ ഈ കണ്ടുമുട്ടൽ ദൈവത്തിന്റെ ഒരു കയ്യൊപ്പായി സ്വീകരിക്കുകയും അവിടെ നിന്നും സന്തോഷത്തോടും ഉത്സാഹത്തോടും കൂടി കൂട്ടായ്മയുടെ ജൈത്രയാത്ര ആരംഭിച്ചു.
അഷ്റഫ് നാമധാരികളുടെ ഒരു കൂട്ടായ്മ എന്ന ആശയം ഫേസ് ബുക്കിലൂടെയും വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിലൂടെയും കേരളക്കരയിലും, പ്രവാസ ലോകത്തുമുള്ള അഷ്റഫ്മാർ ഏറ്റെടുത്തപ്പോൾ പേരിന്റെ പേരിൽ ഒത്തുചേർന്ന ഏറ്റവും വലിയ സൗഹൃദ കൂട്ടായ്മയായി അത് മാറുകയായിരുന്നു. ഇന്ന് സംസ്ഥാന കമ്മിറ്റിക്ക് കീഴിൽ ഒട്ടുമിക്ക ജില്ലകളിലും ജില്ലാ കമ്മിറ്റികളും, അതിനു കീഴിൽ മണ്ഡലം, പഞ്ചായത്ത് കമ്മിറ്റികളും, യു.എ.ഇ, സൗദി, ഖത്തർ, ബഹറൈൻ തുടങ്ങിയ ഗൾഫ് രാജ്യങ്ങളിൽ വിദേശ ചാപ്റ്ററുകളും, അവക്ക് കീഴിൽ എമിറേറ്റ്, പ്രവിശ്യാ കമ്മിറ്റികളുമൊക്കെയായി വളർന്ന്, പടർന്നു പന്തലിച്ചു നിൽക്കുകയാണ് അഷ്റഫ് കൂട്ടായ്മ. സമൂഹത്തിലെ എല്ലാ മേഖലകളിൽ നിന്നുമുള്ള അഷറഫ്മാർ ഇന്ന് ഈ കൂട്ടായ്മയുടെ ഭാഗമാണ്.
“ഒരുമിക്കാം നമുക്കൊന്നായ് നാടിന്റെ നന്മക്കായ്” എന്ന മുദ്രാവാക്യം ഏറ്റെടുത്തു കൊണ്ട് പൊതുസമൂഹത്തിന് ഉപകാരപ്രദമായ നിരവധി സന്നദ്ധ പ്രവർത്തനങ്ങൾ നടത്തുവാനും, സമൂഹത്തിലെ നിരാലംബരും, അവശത അനുഭവിക്കുന്നവർക്കുമിടയിൽ, വിശിഷ്യാ അഷ്റഫ്മാർക്ക് നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുവാനും ചുരുങ്ങിയ കാലയളവിനുള്ളിൽ ഈ കൂട്ടായ്മക്ക് സാധിച്ചിട്ടുണ്ട് എന്നത് ഏറെ അഭിമാനകരമായ കാര്യമാണ്.
രൂപീകരിക്കപ്പെട്ട് നാലഞ്ച് മാസങ്ങൾക്കകം കോഴിക്കോട്ട് കടപ്പുറത്ത് മൂവായിരത്തോളം അഷ്റഫ്മാരെ അണിനിരത്തി അഷ്റഫ് മാരുടെ സംസ്ഥാന സംഗമം നടത്തി, സ്വദേശ, വിദേശ വാർത്താ മാധ്യമങ്ങളിൽ നിറഞ്ഞ് പൊതു സമൂഹത്തെ അമ്പരപ്പിച്ച അഷ്റഫ് കൂട്ടായ്മ ചുരുങ്ങിയ സമയത്തിനുള്ളിൽ വിസ്മയകരമായ വളർച്ചയും, അതിലേറെ വിസ്മയകരമായ പ്രവർത്തനങ്ങളുമാണ് കാഴ്ചവെച്ചിട്ടുള്ളത്. തുടർന്ന് വിദേശ മണ്ണിൽ ദുബായിലും, അബുദാബിയിലും, ഖത്തറിലും, ജിദ്ദയിലും അഷ്റഫ്മാരുടെ സംഗമങ്ങൾ നടന്നു.
ഇപ്പോൾ സമഗ്രമായ മെമ്പർഷിപ്പ് പ്രവർത്തനങ്ങളിലൂടെ സുശക്തമായ സംഘടനാ സംവിധാനം രൂപപ്പെടുത്തി പേരിന്റെ പേരിൽ നിലവിലുള്ള ലോകത്തിലെ ഏറ്റവും വലിയ സ്നേഹ, സൗഹാർദ്ദ കൂട്ടായ്മയായി വളർന്നിരിക്കുകയാണ് അഷ്റഫ് കൂട്ടായ്മ.
കേരളത്തിന്റെയും ഇന്ത്യാ മഹാരാജ്യത്തിന്റെയും വികസനവും വളർച്ചയും ലക്ഷ്യമാക്കി ഇന്ത്യൻ നീതിന്യായ വ്യവസ്ഥിതിയുടെ മൂല്യങ്ങൾ മുറുകെ പിടിച്ച് കൊണ്ട് പൊതുജനങ്ങളു മായും സർക്കാരുമായും, നിയമ പാലകരുമായും എല്ലാവിധത്തിലും സഹകരിച്ച് ഒട്ടേറെ കാരുണ്യ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുന്ന അഷ്റഫ് കൂട്ടായ്മക്ക് എല്ലാ സഹായ സഹകരണങ്ങളും പ്രോത്സാഹനങ്ങളും പ്രാർത്ഥനയും ഉണ്ടാകണമെന്ന് അപേക്ഷിച്ച് കൊണ്ട്.
അഷ്റഫ് കൂട്ടായ്‌മ സംസ്ഥാന കമ്മിറ്റി
Founders

അഷ്റഫ് മനരിക്കൽ

അഷ്റഫ് വലിയാട്ട്

അഷ്റഫ് താണിക്കൽ

അഷ്റഫ് കക്കാട്
